ന്യൂഡൽഹി: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. 'സൺഡേ സംവാദ്' പരിപാടിയുടെ മുന്നോടിയായി നവ മാധ്യമങ്ങളിൽ ഇട്ട കുറിപ്പിലാണ് കേരളത്തിൽ രോഗ വ്യാപനം കൂടുന്നതിൽ ഹർഷ വർധൻ ആശങ്ക അറിയിച്ചത്. സംഭവിച്ച വീഴ്ചകൾക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഹർഷവർധൻ പറയുന്നു.


നാല് വിഷയങ്ങളാണ് 'സണ്ടേ സംവാദിൽ' ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒന്ന് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചാണ്. ആദ്യ ഘട്ടത്തിൽ മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടത്തിയ കേരളത്തിൽ സാഹചര്യം എന്തുകൊണ്ട് മോശമായി എന്നതിനെക്കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച ഒരു മണിക്കാണ് സൺഡേ സംവാദിന്റെ പൂർണഭാഗം പുറത്തുവരുക.

കേരളത്തിന്റെ അശ്രദ്ധയാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നും ഈ അശ്രദ്ധയ്ക്ക് വലിയ വിലയാണ് കേരളം നൽകുന്നതെന്നുമാണ് ഹർഷ വർധന്റെ വിമർശനം. പരിപാടിയുടെ ഭാഗമായി പുറത്തുവിട്ട പ്രൊമോ വീഡിയോയിലാണ് ഈ പരാമർശങ്ങൾ ഉള്ളത്.