1991 മാർച്ച് ആറിനാണ് ചന്ദ്രശേഖർ പ്രധാനമന്ത്രി പദവി രാജി വെച്ചത്. അതിനു കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ സുപ്രധാനമായ ഒരു ചർച്ച നടന്നു. ഈ ചർച്ച ചന്ദ്രശേഖറിനെക്കുറിച്ചുള്ള പുസ്തകത്തിൽ(ചന്ദ്രശേഖറും ഇന്ത്യയെ രക്ഷിച്ച ആറു മാസങ്ങളും) റൊഡറിക് മാത്യൂസ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. വി.എച്.പി., രാമജന്മഭൂമി ന്യാസ്, അഖിലേന്ത്യ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി എന്നിവയുടെ പ്രതിനിധികളുമായിട്ടായിരുന്നു ചർച്ച.
മഹാരാഷ്ട്രയിൽനിന്നുള്ള ആർ.എസ്.എസ്. നേതാവ് മൊറൊപന്ത് പിംഗളെ ആണ് രാമജന്മഭൂമി ന്യാസിനെ പ്രതിനിധീകരിച്ചത്. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരദ് പവാറിന് അടുത്ത പരിചയമുണ്ടായിരുന്ന നേതവാണ് പിംഗളെ. ബി.ജെ.പിയിൽനിന്ന് ഭൈറോൺസിങ് ശെഖാവത്തും ചർച്ചയിൽ പങ്കെടുത്തു. ചന്ദ്രശേഖറിന് വർഷങ്ങളായി അറിയാവുന്ന നേതാവായിരുന്നു ശെഖാവത്ത്. ചന്ദ്രശേഖർ മന്ത്രിസഭയിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന കമൽ മൊറാർക്കയാണ് ഈ ചർച്ചയുടെ വിശദാംശങ്ങൾ തന്നോട് പങ്കുവെച്ചതെന്ന് റൊഡറിക് എഴുതുന്നുണ്ട്.
വി.എച്.പി., രാമജന്മഭൂമി ന്യാസ് എന്നിവയുടെ പ്രതിനിധികളുമായിട്ടായിരുന്നു ആദ്യം ചർച്ച. സംഭാഷണം തുടങ്ങി രണ്ടു മിനിറ്റിനുള്ളിൽ ചന്ദ്രശേഖർ നയം വ്യക്തമാക്കി: ''ഇനി നമുക്ക് കാര്യങ്ങൾ ഗൗരവത്തോടെ കാണാം. ഇന്നിപ്പോൾ പ്രധാനമന്ത്രി ഞാനാണ്. ഞാനീ സ്ഥാനത്ത് എത്രകാലമുണ്ടാവുമെന്ന് എനിക്കറിയില്ല. പക്ഷേ, ഞാൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ആ കെട്ടിടം ആരും തൊടില്ല. യു.പി. മുഖ്യമന്ത്രിയെ ആശ്രയിക്കാൻ ഞാൻ വി.പി. സിങ്ങല്ല. പള്ളിയെ തൊടുന്നവരെ വെടിവെയ്ക്കാൻ ഞാൻ ഉത്തരവ് കൊടുക്കും. ഇന്ത്യ ഒരു ദരിദ്രരാജ്യമാണ്. അയോദ്ധ്യയിലെ ക്രമസമാധാന പ്രശ്നം പരിഹരിക്കാൻ ഇത്രയധികം പണം ചെലവാക്കാനാവില്ല. നിങ്ങൾ ആലോചിക്കൂ. ഞാൻ മുസ്ലിം പ്രതിനിധികളുമായും ചർച്ച നടത്തുന്നുണ്ട്.''
അതിനു ശേഷം മുസ്ലിം പ്രതിനിധികളോട് ചന്ദ്രശേഖർ പറഞ്ഞതിതാണ്: ''നിങ്ങൾ ശ്രദ്ധിച്ച് കേൾക്കണം. ഞാൻ ഇവിടെയുള്ളിടത്തോളം കാലം നിങ്ങളുടെ കെട്ടിടം സുരക്ഷിതമായിരിക്കുമെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇന്ത്യ അയോദ്ധ്യ മാത്രമല്ല. അഞ്ചാറ് ലക്ഷം ഗ്രാമങ്ങൾ ഈ രാജ്യത്തുണ്ട്. അവിടെയെല്ലാം ഹിന്ദുക്കളും മുസ്ലിങ്ങളും താമസിക്കുന്നുണ്ട്. നാളെ രാജ്യമാകെ ലഹളകളുണ്ടായാൽ അതെല്ലാം നിയന്ത്രിക്കാനുള്ള പോലിസ് എനിക്കില്ല. അതുകൊണ്ട് നിങ്ങൾ ആലോചിച്ചിട്ട് തീരുമാനം അറിയിക്കുക.''
രണ്ടാഴ്ചയോളം ഈ ചർച്ചകൾ നീണ്ടു. ഒടുവിൽ ശെഖാവത്ത് ഇരുകൂട്ടരുടെയും തീരുമാനം കമൽ മൊറാർക്കയെ അറിയിച്ചു. ആ തീരുമാനം ഇതായിരുന്നുവെന്നാണ് മൊറാർക്ക പറയുന്നത്: പള്ളി ഇരിക്കുന്ന സ്ഥലം ഹിന്ദുക്കൾക്ക് കൈമാറാൻ മുസ്ലിങ്ങൾ ഒരുക്കമാണ്. പക്ഷേ, അതിന് രണ്ട് വ്യവസ്ഥകളുണ്ട്. ഒന്ന് പുതിയൊരു പള്ളി പണിയാൻ മറ്റൊരിടത്ത് സ്ഥലം നൽകണം. രണ്ട്, ഇനി മറ്റൊരിടത്തും ഇതുപോലൊരു പ്രശ്നമുണ്ടാവരുത്. 1947 ഓഗസ്റ്റ് 15-ന് എവിടെയൊക്കെ പളളിയുണ്ടോ അവിടെയൊക്കെ പള്ളിയുണ്ടാവണം. എവിടെയൊക്കെ അമ്പലമുണ്ടോ അവിടെയൊക്കെ അമ്പലമുണ്ടാവണം.''
ഈ സമ്മതപത്രത്തിൽ ഇരുകൂട്ടരും ഒപ്പുവെച്ചെന്നും അത് ആഭ്യന്തര മന്ത്രിലയത്തിന്റെ കൈയ്യിലുണ്ടെന്നുമാണ് റൊഡറിക്കിനോട് മൊറാർക്ക പറഞ്ഞത്. ചന്ദ്രശേഖറിന് ഇത് നടപ്പാക്കാനായില്ല. കാരണം ചർച്ച കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു. കോൺഗ്രസ് പ്രസിഡന്റ് രാജീവ് ഗാന്ധിയുടെ നീക്കങ്ങൾ അറിയാൻ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ഹരിയാനയിൽനിന്നുള്ള രണ്ടു പോലീസുകാർ നിയോഗിക്കപ്പെട്ടുവെന്നതിന്റെ പേരിലായിരുന്നു കോൺഗ്രസ് പിന്തുണ പിൻവലിച്ചത്. എന്നാൽ യഥാർത്ഥത്തിൽ അയോദ്ധ്യ പ്രശ്നം സുഗമമായി പരിഹരിച്ച് അതിന്റെ ബഹുമതി ചന്ദ്രശേഖർ കൊണ്ടുപോകുമോ എന്ന പേടിയാണ് കോൺഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയതെന്നൊരു ആരോപണം മൊറാർക്കയും ശരദ് പവാറും ഉന്നയിച്ചതായി റൊഡറിക് എഴുതുന്നുണ്ട്.
നമ്മുടെ വിഷയം ചന്ദ്രശേഖർ സർക്കാരിനെ രാജീവ് വീഴ്ത്തിയത് എന്തുകൊണ്ടാണെന്നതല്ല. ചുരുങ്ങിയ കാലമേ ഭരണത്തിലിലരുന്നുള്ളുവെങ്കിലും എത്രമാത്രം കൃത്യമായ കാഴ്ചപ്പാടോടെയാണ് ചന്ദ്രശേഖർ ഇന്ത്യയെ നയിച്ചതെന്നതാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് കണ്ടപ്പോൾ യു.പിയിലെ ബലിയ എന്ന കുഗ്രാമത്തിൽനിന്ന് ഇന്ത്യയുടെ തലപ്പത്തേക്കെത്തിയ ചന്ദ്രശേഖർ എന്ന നേതാവിനെ ഓർത്തുപോയി.
ഇന്ത്യയെ നയിക്കണമെങ്കിൽ രണ്ടു കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് ചന്ദ്രശേഖർ തന്നോട് പറഞ്ഞതായി കമൽ മൊറാർക്ക വെളിപ്പെടുത്തുണ്ട്. ഒന്ന് ദാരിദ്ര്യം, രണ്ട് നഷ്ടപ്പെടലിന്റെ വേദന. നെഹ്റു ദാരിദ്ര്യം അറിഞ്ഞിട്ടില്ല. പക്ഷേ, പത്തു വർഷത്തോളം ജയിലിൽ കിടക്കേണ്ടി വന്നതുകൊണ്ട് നഷ്ടപ്പെടലിന്റെ വേദന അദ്ദേഹം അറിഞ്ഞെന്നും അങ്ങിനെയാണ് നെഹ്റു ഇന്ത്യയെ കാര്യപ്രാപ്തിയോടെ നയിച്ചതെന്നും കമലിനോട് ചന്ദ്രശേഖർ പറഞ്ഞു. ഇതു രണ്ടും അനുഭവിച്ച വ്യക്തിയായിരുന്നു ചന്ദ്രശേഖർ. അതുകൊണ്ടാണ് അയോധ്യ പ്രശ്നത്തെക്കുറിച്ചു പറയുമ്പോൾ തന്നെ ഇന്ത്യ എന്ന ദരിദ്ര രാജ്യത്തെക്കുറിച്ചും ചന്ദ്രശേഖർ പറയുന്നത്.
ഒക്ടോബർ 20-ന് ചൊവ്വാഴ്ച വൈകീട്ട് ആറിന് പ്രധാനമന്ത്രി മോദി സംസാരിച്ചത് കോവിഡ് 19-നെക്കുറിച്ചാണ്. കൊറോണ വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും ഈ ഉത്സവകാലത്ത് നമ്മൾ ജാഗ്രത കൈവെടിയരുതെന്നും അങ്ങിനെയുണ്ടായാൽ അതിന് കനത്ത വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ ഓർമ്മപ്പെടുത്തലിന് തീർച്ചയായും പ്രധാനമന്ത്രി അഭിനന്ദനമർഹിക്കുന്നു.
ഇന്നിപ്പോൾ ഇന്ത്യൻ ജനതയിൽ വലിയൊരു വിഭാഗം അദ്ദേഹം പറയുന്നത് വിശ്വാസ പ്രമാണമായി കൊണ്ടുനടക്കുന്നവരാണ്. ഇന്ത്യയിലിന്നുള്ള ഏറ്റവും മികച്ച പ്രഭാഷകരിൽ ഒരാളാണ് പ്രധാനമന്ത്രി മോദിയെന്ന കാര്യത്തിലും എതിരഭിപ്രായം ഉണ്ടാവാനിടയില്ല. അതുകൊണ്ടുതന്നെ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന്റെ ഇടപെടലിന് പ്രസക്തിയും അർത്ഥവമുണ്ട്. പക്ഷേ, അദ്ദേഹം മറന്നുപോയ അല്ലെങ്കിൽ ഓർമ്മയുണ്ടെങ്കിലും പറയാൻ വിട്ടുപോയ രണ്ടു വൈറസുകൾ കൂടി ഇന്ത്യയിലുണ്ട്. സമകാലിക ഇന്ത്യയെ കൊറോണയ്ക്കും മുമ്പേ കാർന്നു തിന്നാൻ തുടങ്ങിയ രണ്ടു വൈറസുകൾ. ദാരിദ്ര്യവും വർഗ്ഗീയതയും.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു നാല് ദിവസം മുമ്പാണ് ആഗോള വിശപ്പ് സൂചിക റിപ്പോർട്ട് പുറത്തു വന്നത്. ജർമ്മനിയും അയർർലണ്ടും ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് സന്നദ്ധ സേവന സംഘടനകളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ടാണിത്. ഗുരുതരമായ പട്ടിണിയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ട്.
കണക്കെടുപ്പ് നടത്തിയ 117 രാജ്യങ്ങളിൽ കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്ഥാനം 102 ആയിരുന്നെങ്കിൽ ഇത്തവണ അത് 97 ആണ്. പക്ഷേ, ഇതിൽ അഭിമാനിക്കാൻ ഇപ്പോഴും നമുക്ക് വകയില്ലെന്നതാണ് വാസ്തവം. അയൽ രാജ്യങ്ങളായ ബംഗ്ളാദേശിനും പാക്കിസ്താനും മ്യാൻമറിനും പിന്നിലാണ് നമ്മൾ. ബംഗ്ളാദേശ്(75), പാക്കിസ്താൻ(78), മ്യാൻമർ(88), ശ്രീലങ്ക(64), നേപ്പാൾ(73) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം.
ഇന്ത്യയിൽ 14 ശതമാനം ജനങ്ങൾക്ക് പോഷകാഹാരക്കുറവുണ്ടെന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നത്. അതായത് 18 കോടിയോളം ജനങ്ങൾക്ക് അവരുടെ ശരീരത്തിനാവശ്യമായ ഭക്ഷണം കിട്ടുന്നില്ല. ഇന്ത്യൻ ജനതയുടെ വലിയൊരു വിഭാഗം എത്രമാത്രം ദരിദ്രരാണെന്ന് ഇക്കഴിഞ്ഞ മാർച്ചിലും മെയിലും ലോകം കണ്ടിരുന്നു. കൈയ്യിലെടുക്കാൻ പറ്റുന്ന സാധനങ്ങളുമായി തൊഴിലിടങ്ങളിൽനിന്ന് വീടെത്താൻ നൂറു കണക്കിന് കിലോമീറ്ററുകൾ നടന്നു പോകേണ്ടി വന്ന കുടിയേറ്റ തൊഴിലാളികൾ ഇന്ത്യയുടെ നീറുന്ന മുഖമാണ് വെളിപ്പെടുത്തിയത്.
ഈ തൊഴിലാളികളിൽ എത്രപേർ വീടെത്താതെ മരിച്ചു വീണുവെന്നറിയില്ലെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ പറഞ്ഞത്. ഇവരുടെ കുടുംബങ്ങൾക്ക് അതുകൊണ്ടുതന്നെ നഷ്ടപരിഹാരമില്ലെന്നും ഒരുളുപ്പുമില്ലാതെ ഭരണകൂടം പറഞ്ഞു. തീർത്തും നിരാലംബരായ ഈ ജനവിഭാഗത്തിന് ആശ്വാസം കിട്ടണമെങ്കിൽ നേരിട്ട് ചുരുങ്ങിയത് അയ്യായിരം രൂപയെങ്കിലും ഓരോ കുടുംബത്തിന്റെയും അക്കൗണ്ടിലേക്ക് എത്തിക്കണമെന്ന ആവശ്യത്തോടും കേന്ദ്ര സർക്കാർ മുഖം തിരിച്ചു.
ദാരിദ്ര്യം കൊറാേണയേക്കാൾ ഭീകരമായ വൈറസാണെന്ന് നമ്മൾ അംഗീകരിച്ചേ തീരൂ. ഇന്ത്യ ഒരു ദരിദ്ര രാഷ്ട്രമാണെന്നു മറന്നാൽ അത് നമ്മൾ നമ്മളോട് തന്നെ ചെയ്യുന്ന ആത്മവഞ്ചനയായിരിക്കും.
വർഗ്ഗീയത എന്ന വൈറസും അതിന്റെ സമസ്ത ഭീകരതയോടും കൂടി നമുക്കിടയിൽ അതിന്റെ ദംഷ്ട്രകൾ ഒരു മറയും മടിയുമില്ലാതെ പ്രദർശിപ്പിക്കുന്നുണ്ട്. തനിഷ്ക് എന്ന ജ്വല്ലറി ഗ്രൂപ്പിന് അവർ പുറത്തിറക്കിയ മതസൗഹാർദ്ദത്തിന്റെ പരസ്യം പിൻവലിക്കേണ്ടി വന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇത്തരം ചെറിയ സംഭവങ്ങൾക്ക് ഇന്ത്യയെ ദുർബ്ബലപ്പെടുത്താനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, അങ്ങിനെ പറഞ്ഞൊഴിയാവുന്ന ചെറിയ സംഗതിയല്ല ഇതെന്നതാണ് യാഥാർത്ഥ്യം.
ഇന്ത്യയിലെ ഏറ്റവും പ്രബല വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റയ്ക്കാണ് ഇത്തരമൊരു ഗതികേടുണ്ടായത്. തമിഴ്നാട് സർക്കാരിനുകൂടി പങ്കാളിത്തമുള്ള ജ്വല്ലറി ഗ്രൂപ്പാണ് തനിഷ്കെ്ന്നതും കാണാതിരിക്കാനാവില്ല. ഈ പരസ്യം തനിഷ്കിന് ധൈര്യപൂർവ്വം അവതരിപ്പിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നെങ്കിൽ അത് ഇന്ത്യൻ ജനതയ്ക്ക് നൽകുന്ന സന്ദേശം എത്ര മാത്രം മനോഹരമാവുമെന്ന് വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല.
ദേശീയ പൗരത്വ നിയമം നടപ്പാക്കാൻ ഇനി ഒട്ടും തന്നെ വൈകില്ലെന്ന് ബി.ജെ.പി. പ്രസിഡന്റ് ജെ.പി. നഡ്ഡ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുതലേന്നാണ്. ബംഗാളിലെ ഒരു റാലിയിൽ പ്രസംഗിക്കവെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ബി.ജെ.പി. ദേശീയ പ്രസിഡന്റ് രാജ്യത്ത് വൻവിവാദമായ നിയമത്തെക്കുറിച്ച് ആവേശഭരിതനായത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്നതിനെതിരെയുള്ള ഈ നിയമത്തെചൊല്ലി ഇപ്പോഴും ന്യൂനപക്ഷങ്ങൾ ആശങ്കാകുലരാണ്.
ഈ ആശങ്കയും ഭയവും ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് രാജ്യം ഭരിക്കുന്ന ഒരു പാർട്ടിയിൽനിന്നു പൗരസമൂഹം പ്രതീക്ഷിക്കുന്നത്. ഈ ഭീതി ഇല്ലാതാക്കുന്നതിനുള്ള ഒരു വാക്കെങ്കിലും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നെങ്കിൽ അതുണ്ടാക്കുന്ന മാറ്റം തീർച്ചയായും വളരെ വലുതാകുമായിരുന്നു. പ്രധാനമന്ത്രിമാർ വരും പോകും, പക്ഷേ, ഇന്ത്യ എന്നുമുണ്ടാവുമെന്നാണ് ചന്ദ്രശേഖർ വിശ്വസിച്ചിരുന്നതും ഉറക്കെപ്പറഞ്ഞിരുന്നതും. ചന്ദ്രശേഖറിനെപ്പോലുള്ളവരുടെ അഭാവം ഇന്ത്യൻ ജനത ശരിക്കും അനുഭവിക്കുന്ന ദിനങ്ങളാണിത്.

0 Comments