കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് കുരുക്കായത് ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴി. സ്വപ്നയുമായി ചേർന്ന് ജോയിന്റ് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്നാണ് വേണുഗോപാലിന്റെ മൊഴി. സ്വപ്ന പണവുമായി വീട്ടിലെത്തിയപ്പോൾ ശിവശങ്കറുമെത്തിയിരുന്നുവെന്നും പണം നൽകിയ സമയത്തും തുടർന്നുള്ള ചർച്ചയിലും ശിവശങ്കർ ഒപ്പമുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്.

എം.ശിവശങ്കർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിന് വേണ്ടി ജോയിന്റ് അക്കൗണ്ട് തുറന്നതെന്നാണ് പി. വേണുഗോപാൽ മൊഴി നൽകിയിരിക്കുന്നത്. ജോയിന്റ് ലോക്കർ തുറന്ന ശേഷം പണം നിക്ഷേപിച്ചതടക്കമുള്ള കാര്യങ്ങൾ മൊഴിയിൽ വിശദീകരിക്കുന്നുണ്ട്. ലോക്കർ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ശിവശങ്കർ സ്വപ്ന സുരേഷുമായി തന്റെ വീട്ടിലെത്തി പണം കൈമാറിയതെന്നാണ് വേണുഗോപാൽ പറയുന്നത്.

സ്വപ്ന സുരേഷിനെ പി. വേണുഗോപാലിന് പരിചയപ്പെടുത്തിയ ശേഷം താൻ അവിടെനിന്ന് മടങ്ങിയെന്നാണ് എം.ശിവശങ്കർ എൻഫോഴ്മെന്റിന് നൽകിയ മൊഴി. എന്നാൽ ഇത് പൂർണമായും തള്ളുകയാണ് പി.വേണുഗോപാൽ. മുഴുവൻ സമയും ചർച്ചയിൽ ശിവശങ്കർ ഉണ്ടായിരുന്നുവെന്നും പി. വേണുഗോപാലിന്റെ മൊഴിയിലുണ്ട്.

പണമടങ്ങിയ ബാഗ് കൈമാറിയത് സ്വപ്ന സുരേഷാണ്. അതിന് മുമ്പ് ശിവശങ്കർ വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. അതിൽ 35 ലക്ഷം രൂപ അയക്കുന്നു എന്നകാര്യം പറഞ്ഞിരുന്നു. എന്നാൽ 30 ലക്ഷം രൂപ മാത്രമാണ് വന്നത്. ലോക്കർ തുറന്ന് പണം നിക്ഷേപിച്ച ശേഷം എം.ശിവശങ്കറിന് വാട്സ് ആപ്പ് സന്ദേശം അയച്ചെന്നും അതിന് നന്ദിയെന്ന് മറുപടി ലഭിച്ചതായും മൊഴി നൽകിയിട്ടുണ്ട്.

ശിവശങ്കറുമായി ദീർഘകാലത്തെ ബന്ധമുണ്ടയതിനാലാണ് സ്വപ്ന സുരേഷിൽ നിന്ന് ഫീസ് വാങ്ങാതിരുന്നത്. ലോക്കർ പൂട്ടുന്നതിനിയി പലവട്ടം വിളിച്ചിരുന്നു. പലതവണയായി അവർ 30 ലക്ഷം രൂപ ലോക്കറിൽനിന്ന് എടുത്തിരുന്നു. മൂന്ന് നാല് തവണ താനാണ് ലോക്കർ തുറന്ന് പണമെടുത്ത് സരിത്തിന് കൈമാറിയത്. പൂർണമായും പണമെടുത്ത ശേഷം ലോക്കർ ക്ലോസ് ചെയ്യാൻ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി. വേണുഗോപാലിനെ എൻഫോഴ്സ്മെന്റിന്റെ കുറ്റപത്രത്തിൽ സാക്ഷി പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.