തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം വസ്തുതയില്ലെന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കാര്യങ്ങൾ തകിടം മറിഞ്ഞിരിക്കുന്നു എന്ന പ്രചരണമുണ്ടാക്കുന്നതിന് വേണ്ടി ചില ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട ശ്രമങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് അവലോകനയോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തെ കുറിച്ചുളള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'കൊച്ചി മെഡിക്കൽ കോളേജ് നല്ല രീതിയിലുളള കോവിഡ്-19 പ്രതിരോധ പ്രവർത്തനം അവിടെ നടത്തിയിട്ടുണ്ടെന്നുളളതാണ് ഇതുവരെയുളള അനുഭവം. ഒരു തെറ്റിദ്ധാരണാജനകമായ പോസ്റ്റുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉയർന്നത്. അവിടെ ഉളളവർ തന്നെ പറയുന്നു അത് വസ്തുതാപരമല്ലെന്ന്. കൃത്യമായ തെളിവുകളോടെയാണ് അവർ പറയുന്നത്. മാത്രമല്ല സാധാരണ സർക്കാരിനെ ആക്ഷേപിക്കാൻ നോക്കി നിൽക്കുന്നവർപോലും ഉന്നയിക്കപ്പെട്ട കാര്യങ്ങൾ സാങ്കേതികപരമായി ശരിയല്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു.
പറഞ്ഞ കാര്യം വസ്തുതയല്ല എന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ട്. എന്നാൽ തെറ്റായ കാര്യങ്ങൾ കൂടുതൽ പ്രചരിപ്പിക്കാൻ, അതേറ്റെടുക്കാൻ സന്നദ്ധരാകുന്ന ചിലരുണ്ട്. അതിന്റെ ഭാഗമായി പിന്നീട് ചിലർ രംഗത്ത് വരുന്നതാണ് കാണുന്നത്. അത് നിർഭാഗ്യകരമായ അവസ്ഥയാണെന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളെ കോൺഗ്രസ് എം.പി.രാഹുൽ ഗാന്ധി നല്ല രീതിയിൽ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധി രാജ്യത്തുളള എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും കാണുന്ന ആളാണ്. മനസ്സിലാക്കുന്ന ആളുമാണ്. അങ്ങനെ വ്യത്യസ്ത സംസ്ഥാനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ നല്ല നിലയ്ക്കാണ് കാര്യങ്ങൾ നടക്കുന്നതെന്ന് പ്രകീർത്തിച്ച് പറയുന്നത്. അത് സ്വാഭാവികമായ ഒരു പ്രതികരണമാണ്. അക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് അവർ തമ്മിലുളള കാര്യമാണ്. അതിൽ ഞാൻ അഭിപ്രായം പറയുന്നില്ലെന്നും രാഹുൽ ഗാന്ധിയിൽ നിന്നുണ്ടായത് സ്വാഭാവികമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0 Comments