കൊച്ചി:കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപിഴവുണ്ടെന്ന് സൂചിപ്പിച്ച് പ്രചരിക്കുന്ന സന്ദേശം വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ.

നഴ്‌സിങ് ഓഫീസർ ഒരുമാസമായി അവധിയിലാണ്. കോവിഡ് ചികിത്സാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. കീഴ്ജീവനക്കാരെ ജാഗരൂകരാക്കാൻ സ്വന്തമായി പറഞ്ഞതാണെന്നും മറ്റു പ്രശ്‌നങ്ങളൊന്നും ആശുപത്രിയിലുണ്ടായിട്ടില്ലെന്നും ഇവർ രേഖാമൂലം വിശദീകരണം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സാപിഴവല്ല

ഹാരിസിന്റെ മരണം ചികിത്സാപിഴവല്ലെന്ന് ആശുപത്രിയധികൃതർ. ജൂൺ 26 മുതൽ ജൂലായ് 20 വരെയാണ് ഹാരിസ് ചികിത്സയിലുണ്ടായിരുന്നത്. മരിക്കുമ്പോഴും അദ്ദേഹം കോവിഡ് പോസിറ്റീവായിരുന്നു. പ്രമേഹവും രക്തസമ്മർദവും ഭാരക്കൂടുതലും മറ്റു ശാരീരികവിഷമതകളും കടുത്ത കോവിഡ് ലക്ഷണങ്ങളുമുണ്ടായിരുന്നു.

എൻ.ഐ.വി. വെന്റിലേറ്ററിലാണ് ചികിത്സ നൽകിയിരുന്നത്. ഈ ശ്വസനസഹായിയുടെ ഓക്‌സിജൻ ട്യൂബുകൾ ഊരിപ്പോകുന്നതല്ല. ഇദ്ദേഹത്തെ വാർഡിലേക്കു മാറ്റാൻ അധികൃതർ തീരുമാനിച്ചിരുന്നുവെന്നത് ശരിയല്ല. ഗുരുതര കോവിഡ് ലക്ഷണവുമായി 24 ദിവസം അതിതീവ്രപരിചരണവും എല്ലാ ആധുനിക ചികിത്സാരീതികളും ഇദ്ദേഹത്തിന് നൽകി.

സ്ഥാപനം ആക്രമിക്കപ്പെടുന്നു

വിദേശികളടക്കം 3500-ലധികം കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ സ്ഥാപനത്തെക്കുറിച്ച് നഴ്‌സിങ് ഓഫീസറുടെ നിരുത്തരവാദപരമായ പ്രസ്താവനയെ മുൻനിർത്തി ഒരു സംഘം ആക്രമിക്കുകയാണെന്ന് അധികൃതർ ആരോപിക്കുന്നു. ശബ്ദസന്ദേശത്തിന്റെ സൃഷ്ടിയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും ആരെന്നു കണ്ടെത്തണം. ഇവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

24 മണിക്കൂറും കോവിഡ് ജോലിചെയ്യുന്ന ഒരു സംഘത്തിന്റെ ആത്മാർഥതയെ ചോദ്യംചെയ്യുന്ന വ്യാജപ്രചാരണം വേദനാജനകമാണെന്നും അധികൃതർ പത്രക്കുറിപ്പിൽ പറയുന്നു.