Source:ANI

ഗുവാഹത്തി: തീവണ്ടി ഇടിച്ച് ആനകൾ ചെരിഞ്ഞ സംഭവത്തിൽ എൻജിൻ ജപ്തി ചെയ്ത് അസം വനംവകുപ്പ്. കഴിഞ്ഞമാസമാണ് ഒരു പിടിയാനയും കുട്ടിയാനയും തീവണ്ടി ഇടിച്ച് ചെരിഞ്ഞത്.

റെയിൽവേയുടെ ലുംദിങ് ഡിവിഷനു കീഴിൽ സെപ്റ്റംബർ 27നായിരുന്നു സംഭവം. എൻജിനിൽ കുടുങ്ങിയ കുട്ടിയാനയെയും വലിച്ച് ഒന്നര കിലോമീറ്ററോളം തീവണ്ടി ഓടിയിരുന്നു. സംഭവത്തിനു പിന്നാലെ ലോക്കോ പൈലറ്റിനെയും സഹ ലോക്കോ പൈലറ്റിനെയും റെയിൽവേ സസ്പെൻഡ് ചെയ്തിരുന്നു.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പിന്റെ നടപടി. തിങ്കളാഴ്ച, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രജീബ് ദാസ് ഗുവാഹത്തിയിലെ ബാമുനിമൈദാൻ റെയിൽവേ യാഡിലെത്തുകയും എൻജിൻ ജപ്തി ചെയ്യുകയുമായിരുന്നു.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂൾ ഒന്നിൽപ്പെട്ട മൃഗമാണ് ആന. റിസർവ് ഫോറസ്റ്റിലൂടെ 30 കിലോമീറ്റർ വേഗതയ്ക്കുള്ളിലേ തീവണ്ടി ഓടിക്കാൻ പാടുള്ളൂ. എന്നാൽ റെയിൽവേ നടത്തിയ അന്വേഷണത്തിൽ വേഗത 60 കിലോമീറ്റർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്-രജീബ് ദാസ് കൂട്ടിച്ചേർത്തതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.

കുറ്റകൃത്യം നടന്നതിനു ശേഷം തോക്ക് അല്ലെങ്കിൽ കഠാരി പോലീസ് പിടിച്ചെടുക്കാറുണ്ട്. അതുപോലെ, എൻജിൻ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതിനാലാണ് തങ്ങൾ അത് പിടിച്ചെടുത്തതെന്നും ദാസ് കൂട്ടിച്ചേർത്തു.

ആസമയം എൻജിൻ ജപ്തി ചെയ്യപ്പെട്ടതിനു തൊട്ടുപിന്നാലെ അത് വിട്ടുകിട്ടിയതായി നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു.