ബിഹാർ: ബിഹാറിലെ കർഷകരുടെയോ തൊഴിലാളികളുടെയോ ചെറുകിട കച്ചവടക്കാരുടെയോ പ്രശ്നങ്ങളൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മുഖ്യമന്ത്രി നിതീഷ് കുമാറോ തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുന്നില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. തൊഴിലില്ലായ്മ അടക്കമുള്ളവയെപ്പറ്റി ഇവർ സംസാരിക്കുന്നില്ല. തേജസ്വിയുടെ കുടുംബത്തെപ്പറ്റിയാണ് നിതീഷ് സംസാരിക്കുന്നത്. പ്രധാനമന്ത്രി തന്റെ കുടുംബത്തെപ്പറ്റിയും. തന്റെയോ നിതീഷിന്റെയോ കുടുംബവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് രാഹുൽ പറഞ്ഞു.

ബിഹാറിലെ ജനങ്ങളുടെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നത്. എന്നാൽ ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളൊന്നും പ്രധാനമന്ത്രിയോ നിതീഷ് കുമാറോ പറയുന്നില്ല. നിതീഷ് കുമാർ 15 വർഷവും മോദി ആറ് വർഷവും ഭരിച്ചിട്ട് ജനങ്ങൾക്ക് എന്താണ് ലഭിച്ചത് ?

ബിഹാറിലെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. രാജ്യത്തെ തൊഴിലവസരങ്ങൾ മുഴുവൻ മോദി ഇല്ലാതാക്കിയതിനാൽ രാജ്യത്ത് എവിടെയും അവർക്ക് തൊഴിൽ കണ്ടെത്താനാകുന്നില്ല. നോട്ട് നിരോധനം നടപ്പാക്കിയ സമയത്ത് ജനങ്ങൾ ദീർഘനേരം ക്യൂ നിന്ന് വലഞ്ഞു. എന്നാൽ കള്ളപ്പണം കണ്ടെത്താനായോ? ഇല്ല. ഏതാനും വൻ വ്യവസായികൾക്ക് മാത്രം നോട്ട് നിരോധനംമൂലം നേട്ടമുണ്ടായി.

മുന്നൊരുക്കം ഇല്ലാതെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലെത്താൻ ഒഴിഞ്ഞ വയറുമായി ദീർഘദൂരം നടക്കേണ്ടിവന്നു. കോവിഡ് മരണങ്ങൾക്ക് പുറമെ വിശപ്പുമൂലവും കുഴഞ്ഞുവീണും നിരവധി മരണങ്ങളുണ്ടായി. തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ അവരെ സഹായിക്കാൻ സർക്കാർ ഒരുരൂപ പോലും നൽകിയില്ല. പകരം സുഹൃത്തുക്കളായ വ്യവസായികൾക്ക് നികുതി ഇളവ് നൽകി. രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്ത സാഹചര്യമാണുള്ളത്. അതാണ് യാഥാർഥ്യം. അക്കാര്യം കണക്കിലെടുത്തുവേണം ബിഹാറിലെ ജനങ്ങൾ തീരുമാനം എടുക്കേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.