ചെന്നൈ: കേരളത്തിൽ കോവിഡ് 19 ബാധിതരുടെ എണ്ണം കൂടാൻ കാരണം ഓണക്കാലത്തെ അനിയന്ത്രിതമായ പ്രവൃത്തികളാണെന്ന കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷ വർധന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഐസിഎംആർ ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോക്ടർ ടി ജേക്കബ്ബ് ജോൺ അഭിപ്രായപ്പെട്ടു.


വസ്തുതകൾക്ക് വിരുദ്ധമായ നിരീക്ഷണമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. കേരളത്തിൽ കോവിഡ് 19 ബാധിതരുടെ എണ്ണത്തിൽ ഇക്കഴിഞ്ഞ കാലയളവിൽ അപ്രതീക്ഷിതമായ കുതിച്ചുചാട്ടമൊന്നും തന്നെയുണ്ടായിട്ടില്ല. വെല്ലൂരിലെ വീട്ടിൽ നിന്നും മാതൃഭൂമിഡോട്ട്കോമുമായി സംസാരിക്കുകയായിരുന്നു ഡോക്ടർ ജേക്കബ്ബ് ജോൺ.

ഓണക്കാലത്തെ അവഗണനയ്ക്കും അലംഭാവത്തിനും വലിയ വിലയാണ് കേരളം കൊടുക്കേണ്ടി വന്നതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷ വർധൻ കുറ്റപ്പെടുത്തുന്നത്. ഡോക്ടർക്ക് എന്താണ് പറയാനുള്ളത്?


ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണിത്. ഓണക്കാലത്തിനു ശേഷം കേരളത്തിൽ കോവിഡ് 19 ബാധിതരുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ കുതിച്ചുചാട്ടമുണ്ടായിട്ടില്ല. തികച്ചും സ്വാഭാവികമായ വർധനവ് മാത്രമാണ് കേരളത്തിൽ ഇതുവരെയുണ്ടായിട്ടുള്ളത്. സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവരുടെ എണ്ണത്തിലുണ്ടായ വർധനവിനനുസരിച്ചു മാത്രമാണ് കേരളത്തിൽ കോവിഡ് 19 ന്റെ ഗ്രാഫ് ഉയർന്നുപോയിട്ടുള്ളത്. ഇതിൽ ഓണത്തിന് ഒരു പങ്കുമില്ല.


കോവിഡ് 19 ലേക്ക് രാഷ്ട്രീയം കൊണ്ടുവരരുതെന്ന് മാത്രമേ എനിക്ക് കേന്ദ്ര ആരോഗ്യ മന്ത്രിയോട് പറയാനുള്ളു. ഇന്ത്യയിൽ കോവിഡ് 19 ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്ത സംസ്ഥാനമാണ് കേരളം. കോവിഡ് 19 ന്റെ ഫലമായുള്ള മരണ നിരക്ക് കേരളത്തിൽ ഇപ്പോഴും 0.6 ശതമാനത്തിനപ്പുറത്തേക്ക് കടന്നിട്ടില്ലെന്ന് മറക്കരുത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. കേരളത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനു പകരം കേരളത്തിനെ ഇടിച്ചുതാഴ്ത്താൻ മന്ത്രി ശ്രമിക്കുന്നത് ഖേദകരമാണ്.

ഇന്ത്യയിലെ മൊത്തം കോവിഡ് 19 ബാധിതരിൽ കേരളത്തിൽ നിന്നുള്ളവർ 2.9 ശതമാനമായിരുന്നത് സെപ്റ്റംബർ പതിനഞ്ചോടെ 6.4 ശതമാനമായെന്നും ഇപ്പോൾ അത് പത്ത് ശതമാനത്തിലെത്തി നിൽക്കുകയാണെന്നും ഈ വർദ്ധനവിനു കാരണം ഓണക്കാലത്ത് കേരളത്തിലുണ്ടായ ജാഗ്രതക്കുറവാണെന്നുമാണ് മന്ത്രി വിമർശിക്കുന്നത്?


മന്ത്രി മുന്നോട്ടുവെയ്ക്കുന്ന ഈ കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. ഒറ്റനോട്ടത്തിൽ ഈ കണക്കുകൾ ശരിയാണെന്നു തോന്നാം. പക്ഷേ, ഇവിടെ തിരിച്ചറിയേണ്ട ഒരു വസ്തുത ഇന്ത്യയിൽ സെപ്റ്റംബർ രണ്ടാം വാരത്തോടെ കോവിഡ് 19 അണുബാധ ഉച്ചിയിലെത്തി എന്നതാണ്. കേരളത്തിൽ ഒക്ടോബർ 14 - 15 തിയ്യതികളിലാണ് അണുബാധ ഉച്ചിയിലെത്തിയത്. സെപ്റ്റംബർ രണ്ടാം വാരത്തിനു ശേഷം ഇന്ത്യയിൽ അണുബാധിതരുടെ എണ്ണം കുറയുകയും കേരളത്തിൽ കൂടുകയുമായിരുന്നു. അതുകൊണ്ടാണ് ശതമാനക്കണക്കെടുക്കുമ്പോൾ ഇന്ത്യയിലെ മൊത്തം അണുബാധിതരുടെ എണ്ണത്തിൽ കേരളത്തിന്റെ പങ്കാളിത്തം കൂടിയതായി അനുഭവപ്പെടുന്നത്. വഴിതെറ്റിക്കുന്ന താരതമ്യമാണിത്. ഇന്ത്യ ഉച്ചിയിലെത്തിയതിന് ഒരു മാസം കഴിഞ്ഞാണ് കേരളം ഉച്ചിയിലെത്തുന്നത്. കോവിഡ് 19 അണുബാധയെ കേരളം കൂടുതൽ നന്നായി കൈകാര്യം ചെയ്തതുകൊണ്ടാണ് ഈ കാലതാമസമുണ്ടായത്.


സെപറ്റംബർ അവസാനത്തോടെ കേരളം കോവിഡ് 19 അണുബാധയുടെ കാര്യത്തിൽ ഉച്ചിയിലെത്തി എന്നൊരു നിരീക്ഷണം ഡോക്ടർ നേരത്തെ മുന്നോട്ടു വെച്ചിരുന്നു?


ശരിയാണ്. ഇന്ത്യയിൽ കോവിഡ് 19 അണുബാധ സെപ്റ്റംബർ മധ്യത്തോടെയാണുണ്ടായത്. ഇക്കാര്യം സെപ്റ്റംബറിൽ ദ ഹിന്ദുവിൽ ഡോക്ടർ എം എസ് ശേഷാദ്രിയും ഞാനും ചേർന്നെഴുതിയ ലേഖനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ അണുബാധ സെപ്റ്റംബർ അവസാനത്തോടെ ഉച്ചിയിലെത്തി എന്ന് ഞാൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ കണക്കുകൾ വ്യക്തമാക്കുന്നത് കേരളത്തിൽ അണുബാധ ഉച്ചിയിലെത്തിയത് ഒക്ടോബർ മധ്യത്തോടെയാണെന്നാണ്. ഇതിൽ കേരളത്തിലെ ആരോഗ്യ പരിപാനമേഖലയുടെ മികവാണ് ഞാൻ കാണുന്നത്.

കേരളം ഇപ്പോൾ പിന്തുടരുന്ന ചികിത്സാ പദ്ധതിയിൽ മാറ്റം വരുത്തേണ്ടതില്ല എന്നാണോ ഡോക്ടർ അർഥമാക്കുന്നത്?



അതെ. കോവിഡ് 19 അണുബാധിതരിൽ എല്ലാവരെയും ചികിത്സിക്കേണ്ട കാര്യമില്ല. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നുണ്ടോയെന്നതാണ് കൃത്യമായി അറിയേണ്ടത്. ഇതിന് പൾസ് ഒക്സിമീറ്റർ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കണം. രക്തത്തിൽ ഓക്സിജന്റെ അളവ് 95 ശതമാനത്തിൽ കുറവാണെന്നു കണ്ടാൽ ഉടൻ തന്നെ ചികിത്സ ലഭ്യമാക്കണം. സോഷ്യൽ വാക്സിനിന്റെ( മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക , സോപ്പുപയോഗിച്ച് കൈകഴുകുക - ഇവയുൾപ്പെടുന്നതാണ് സോഷ്യൽ വാക്സിൻ )കാര്യത്തിൽ കേരളം അലംഭാവം കാണിക്കരുത്. സാമൂഹ്യ സമ്പർക്കം ഇല്ലാതാക്കുകയല്ല സുരക്ഷിതമാക്കുകയാണ് വേണ്ടത്. പ്രായമുള്ളവരെ നിർബന്ധമായും വീട്ടിലിരുത്തണം.