തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൽ പരിചയക്കാരന് ജോലി തരപ്പെടുത്താനായി മന്ത്രി കെ.ടി ജലീൽ ശുപാർശയുമായി തന്നെ വിളിച്ചിരുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റ മൊഴി. ആയിരം ഭക്ഷ്യ കിറ്റ് മന്ത്രി ജലീൽ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരായ ജലീലും കടകംപള്ളി സുരേന്ദ്രനും കോൺസുലേറ്റിൽ എത്തിയിരുന്നുവെന്നും സ്വപ്ന ഇ.ഡിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾ മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടു.
കെ.ടി ജലീലിന്റെ ഫോൺ നമ്പർ കാണിച്ച് ആരുടേതാണെന്ന് അറിയുമോയെന്ന് ഇ.ഡി ചോദിച്ചപ്പോൾ ഇത് ജലീലിന്റേതാണെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട്. പല തവണ ഫോണിൽ ബന്ധപ്പെട്ടുവെന്നും റമദാൻ കിറ്റിനായി ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നും സ്വപ്ന മൊഴി നൽകി. അലാവുദ്ദീൻ എന്നയാളുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ടാണ് പിന്നെ വിളിച്ചത്. യു.എ.ഇയിൽ കേസിൽ പെട്ട ഒരാളെ ഇങ്ങോട്ട് ഡീപോർട്ട് ചെയ്യാനായി വ്യക്തിപരമായി അപേക്ഷ നൽകിയെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി വ്യക്തിപരമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് ബന്ധപ്പെട്ടിരുന്നതെന്നും കോൺസുൽ ജനറലിന്റെ ഒപ്പമല്ലാതെ ഒരുതവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സ്വർണക്കള്ളക്കടത്തിനെ കുറിച്ച് അറിയില്ല. മുഖ്യമന്ത്രിയുടെ കുടുംബവുമായിട്ടും തനിക്ക് അടുപ്പമില്ലെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

0 Comments