തിരുവനന്തപുരം: സി.ബി.ഐയെ വിലക്കണമെന്ന കേരള സർക്കാരിനോടുള്ള സി.പി.എം. ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയിലേക്ക് സി.ബി.ഐ. എത്തുന്നു എന്ന് കണ്ടപ്പോൾ, അദ്ദേഹത്തെ രക്ഷിക്കാനാണ് സി.ബി.ഐയെ വിലക്കാനുള്ള തീരുമാനമെന്ന് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവൻ മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ഒപ്പു വെച്ചത്. ആ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് ഇപ്പോൾ ഇടതു മുന്നണി നേതാക്കന്മാരുടെ നെഞ്ചിടിപ്പ് വർധിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇത് അഴിമതി മൂടിവെക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ്. മറ്റ് സംസ്ഥാനങ്ങളിൽ സി.ബി.ഐയെ വിലക്കിയിട്ടുണ്ടല്ലോ എന്നുള്ളതാണ് ചോദ്യം. രാഷ്ട്രീയ പകപോക്കലോടു കൂടി നടന്നിട്ടുള്ള കേസുകളെ സംബന്ധിച്ചാണ് അത്. കേരളത്തിലേത് അഴിമതിയുമായി ബന്ധപ്പെട്ട കേസാണ്. മാത്രമല്ല, സംസ്ഥാനത്തിലെ മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളെല്ലാം സി.ബി.ഐ. ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
അങ്ങനെ മുഖ്യമന്ത്രി കത്തെഴുതിയതിന്റെ വെളിച്ചത്തിലാണ് ഇ.ഡി., കസ്റ്റംസ്, സി.ബി.ഐ. എന്നിവർ വിവിധ തലങ്ങളിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ആ കേസ് മുഖ്യമന്ത്രിയിലേക്ക് വരുന്നു, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ പോകുന്നു എന്ന് വരുമ്പോഴാണ് സി.പി.എമ്മിന് ഹാലിളകിയിരിക്കുന്നത്. സി.പി.എമ്മിന്റെ ആജ്ഞകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സി.പി.ഐ. അതിനെ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം വിമർശിച്ചു.
ഇത് സംസ്ഥാനത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഴിമതിക്കേസുകൾ അന്വേഷിക്കണ്ട എന്ന നിലപാട് സി.പി.എം. എടുത്തിരിക്കുന്നത് ആത്മഹത്യാപരമാണ്. ഇത് ജനങ്ങൾക്ക് ദഹിക്കാത്ത കാര്യമാണ്. ഈ നടപടിക്കെതിരെ ജനങ്ങൾ രംഗത്തു വരുമെന്നതിൽ സംശയം വേണ്ട. എല്ലാ അഴിമതികളെയും മൂടിവെക്കാൻ എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കാൻ അഴിമതിക്കാർക്ക് താവളം ഒരുക്കാനാണ് ഇന്ന് മുഖ്യമന്ത്രിയും ഇടതുമുന്നണിയും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് ഈ തീരുമാനത്തിൽനിന്ന് സർക്കാർ പിന്തിരിയണം. ഇത് വലിയ പ്രത്യാഘാതങ്ങൾ സമൂഹത്തിലും സംസ്ഥാനത്തും ഉണ്ടാക്കാൻ പോന്ന തീരുമാനമായിരിക്കും. എല്ലാ അഴിമതിക്കാർക്കും കുട പിടിക്കുന്ന ഒരു സർക്കാരും മുന്നണിയുമായി എൽ.ഡി.എഫ്. മാറിക്കഴിഞ്ഞു. അതിന് എതിരെയുള്ള ശക്തമായ ജനവികാരം സംസ്ഥാനത്തുണ്ടാകും.
സി.ബി.ഐ. അന്വേഷണത്തെ വഴിമുടക്കാനായി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഫയലുകൾ രാത്രിയിൽ എടുത്തുകൊണ്ടുപോയി. സി.ബി.ഐയുടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത തരത്തിൽ നിരന്തരമായ തടസ്സം സൃഷ്ടിക്കലാണ് സർക്കാർ ചെയ്തത്. അപ്പോൾ എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുന്ന ഈ സർക്കാരിന്റെ നടപടിയുടെ ഒരു ഭാഗമായി വേണം ഇന്നലെ സി.പി.എം. എടുത്തിട്ടുള്ള തീരുമാനം. സംസ്ഥാന സർക്കാരിന് വിവേകമുണ്ടാവട്ടെ എന്നാണ് തനിക്ക് പറയാനുള്ളതെന്നും ഈ നടപടിയിൽനിന്ന് പിന്തിരിയണമെന്നാണ് തനിക്ക് അഭ്യർഥിക്കാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

0 Comments