ഭോപ്പാൽ: മധ്യപ്രദേശിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎസ്) പ്രകാരം തൊഴിലാളികൾക്ക് പണം അനുവദിച്ചതിൽ വ്യാപക ക്രമക്കേട്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളടക്കം ഉപയോഗിച്ച് വ്യാജ തൊഴിൽ കാർഡുകൾ തയ്യാറാക്കിയാണ് ക്രമക്കേട് നടത്തിയത്.

ഖാർഗോണിലെ പിപ്പാർഖെഡാനക ഗ്രാമപഞ്ചായത്തിൽ ഒരു ഡസനിലധികം വ്യാജ തൊഴിൽ കാർഡുകൾ കണ്ടെത്തിയിട്ടുണ്ട്. ബോളിവുഡ് അഭിനേതാക്കളായ ദീപിക പദുക്കോൺ, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരുടെ അടക്കം ചിത്രങ്ങൾ ഒട്ടിച്ച കാർഡുകളാണ് കണ്ടെത്തിയത്. ഈ കാർഡുകൾ വഴി അനർഹരുടെ കയ്യിൽ വേതനം എത്തിയതായും കണ്ടെത്തി.

ദീപിക പദുക്കോണിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത് ഗോത്രവിഭാഗത്തിൽപ്പെട്ട സോനു ശാന്തിലാൽ എന്നയാളുടെ പേരിൽ നൽകിയ തൊഴിൽ കാർഡിലാണ്. എന്നാൽ സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് സോനു ശാന്തിലാൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രകാരം വേതനം ആവശ്യപ്പെട്ടിട്ടില്ലെന്നും ശാന്തിലാൽ പറഞ്ഞു.

ഈ വ്യാജ കാർഡുകൾ വഴി ലക്ഷകണക്കിന് രൂപ തട്ടിയെടുത്തതായാണ് അധികൃതർ പറയുന്നത്. തട്ടിപ്പ് കണ്ടെത്തിയതിനേ തുടർന്ന് വിഷയത്തിൽ അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും അധികൃതർ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലി ചെയ്തിരുന്ന ചില തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാതെ വന്നതിനേ തുടർന്ന് തൊഴിലുറപ്പ് പദ്ധതി പോർട്ടലിൽ വിശദാംശങ്ങൾ പരിശോധിച്ചതോടയാണ് തട്ടിപ്പ് പുറത്തായത്.